2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ഗുല്‍ഷനുറങ്ങാത്ത വീട് (കഥ)

യാത്രയില്‍ ആരും തന്നെ ഒന്നും മിണ്ടിയില്ല
അമ്മ പിറകിലെ സീറ്റില്‍ചാരി ഇരിക്കുന്നുണ്ട് ദൂരംഒരുപാട് താണ്ടിയിരിക്കുന്നു...
അതിന്‍റെ ഒരു ക്ഷീണംഅമ്മയുടെ മുഖത്ത് കാണാമായിരുന്നു ....
ഡ്രൈവര്‍ മുമ്പും അവിടെ പോയിട്ടുള്ളത് കൊണ്ട് സ്ഥല നിശ്ചയമുള്ളത് സമാധാനം തന്നെ. .....
നഗരത്തിന്‍റെ വര്‍ണക്കാഴ്ചകള്‍ നോക്കി ഞാന്‍ ഇരുന്നു. അണമുറിയാത്ത
വാഹനങ്ങളുടെ ഒഴുക്ക്; തിരക്കേറിയവീഥിയില്‍മിന്നിമറയുന്ന മനുഷ്യക്കൂട്ടങ്ങള്‍
കൈവീശിയും ഇഴഞ്ഞും നടക്കുന്നവര്‍...നഗരക്കുപ്പായം അണിഞ്ഞവര്‍ , പേക്കോലങ്ങള്‍ .. നഗരമുഖങ്ങളില്‍ ഞാന്‍ ഗുല്‍ഷനെയും പ്രതിഷ്ടിക്കാന്‍ ശ്രമിച്ചു ...ഒരുപക്ഷെ ഗ്രാമീണ ജീവിതത്തിന്‍റെ സുഖ സൌഭാഗ്യങ്ങളേക്കുറിച്ച്
അയാളുതന്നെയല്ലേ എന്നോട് പറഞ്ഞത് ..ഗ്രാമീണതയും കാര്‍ഷിക വൃത്തിയും
ഏറെ ഇഷട്ടപ്പെട്ട അയാള്‍... മടക്കിക്കുത്തിയ
കൈലിയുമുടുത്ത് പാടവരമ്പിലൂടെ നടന്നതും ഒറ്റലുമായി കെട്ടും കരയില്‍ പോയി
മീന്‍പിടിച്ചതും .....പടിഞ്ഞാറുനിന്നു മയ്യഴിപ്പുഴയെ തഴുകി എത്തുന്ന കാറ്റില്‍ ബനിയനും മുണ്ടുമുടുത്ത് മുറ്റത്തെചാരുകസേരയിലിരുന്നു വാചാലനായതും......

" സഹായത്തിനൊക്കെ ആരാണാവോ......"

അമ്മയുടെ സ്വരം... അമ്മയ്ക്കല്ലെങ്കിലും ഉടപ്പിറപ്പുകളെക്കുറിച്ചോര്ക്കുമ്പോള്‍ എന്നും വേവലാതിയാണ്...അയാള്‍ക്കവിടെ അയല്കാരൊക്കെ കാണില്ലേ..നഗര
ജീവിതത്തിന്‍റെ പൊയ് മുഖങ്ങളേക്കുറിച്ച് അമ്മയ്ക്കുംഅറിയാമായിരിക്കാം.

"ഒരു വര്‍ഷമായില്ലേ അവന്‍ പോയിട്ട് ആ വീട്ടില്‍ ആദ്യത്തെകല്യാണമല്ലേ..
ഒരുക്കങ്ങളൊക്കെ.."
ശരിയാണ് എല്ലാംവിറ്റു പെറുക്കി അയാള്‍ പോയിട്ട് ഒരു വര്‍ഷം
കഴിഞ്ഞിരിക്കുന്നു. കല്യാണക്കുറികിട്ടിയതുമുതല്‍ ഗള്‍ഫിലുള്ള തന്നെ
കാത്തിരിക്കുകയായിരുന്നുവല്ലോ അമ്മ. ഗള്‍ഫില്‍നിന്നും വിളിക്കുംപോഴോക്കെ
നാട്ടില്‍ ഗുല്‍ഷനുറങ്ങാത്ത ആ പഴയ വീടിനെക്കുറിച്ച് അമ്മ എന്നും
ഗദ്ഗദത്തോടെപറയാറുണ്ടായിരുന്നു. ചെമ്പ്രക്കുന്നുംതാണ്ടി രണ്ടു മൂന്നു വളവു
തിരിഞ്ഞെത്തുന്ന വഴിവക്കിലായിരുന്നു ഗുല്‍ഷന്‍റെ പഴയ വീട്.

സംഗീതവും ഏറെ ഇഷ്ട്ടപ്പെട്ടിരുന്നഗുല്‍ഷന്‍റെ രാവുകളെ ഗസല്‍ മഴപെയ്യിക്കുവാന്‍ഉസ്താദ് ഖമറുല്‍പാഷ എത്തുമായിരുന്നു...
യേ ദൌലത്ത് ബീ ലേലോ ....യേ ശുഹരത്ത് ബീ ലേലോ...
ബലേ ചീന്‍ലോ ...മുജ്സെ മേരി ജവാനി .....മഗര്‍ മുജ്ക്കോ ലോട്ടാതോ ...
ബാച്ച്പ്പന്ക്കാ സാവന്‍ ..വോ കാകസ്‌ കി കഷ്തി..വോ ബാരിഷ്ക്കാ പാനി ....

ഉസ്താദിന്‍റെ ഹാര്‍മോണിയത്തില്‍ രാഗത്തിന്‍റെ വീചികള്‍ ഗുല്‍ഷന്‍റെ
വീടിന്‍റെജനാലകള്‍ ഭേദിച്ചു പുറത്തേക്കു പോകും ...

ഇന്ന് സംഗീതത്തിന്റെ വീചികള്‍ പ്രജ്ഞയെ നോവിക്കാതെ.... തൊട്ടടുത്ത യുപി
സ്കൂളില്‍നിന്നു പൂമ്പാറ്റകളെപ്പോലെ പാഞ്ഞെത്തുന്ന കുട്ടികളില്ലാതെ ഗുല്‍ഷന്‍റെ
പഴയ വീട് ഏതോ സുഷുപ്തിയിലാണ്ടുപോയത്ഞെട്ടലോടെ അറിഞ്ഞു.....

എല്ലാം പോടുന്നെനെയായിരുന്നു ആരോടും ഒന്നും പറയാതെ ഗള്‍ഫിലെ
തപിക്കുന്ന മണലില്‍ അയാള്‍ ഊതിക്കാച്ചിഎടുത്ത സ്വപ്നസൌധവും
പിതൃക്കള്‍ ഉറങ്ങുന്ന ചെമ്പ്രക്കുന്നും പുഞ്ചവയലും, ചവിട്ടി നടന്ന പാടവരമ്പുകളും എല്ലാം ഉപേക്ഷിച്ച്.......

വലിയ വിഷമങ്ങള്‍ ഒന്നും അയാള്‍ക്കില്ലായിരുന്നുവല്ലോ...കാലത്തിന്‍റെ കൂലംകുത്തി ഒഴുക്കില്‍ 'ഈഗോ'കളുടെ വലിയ പാറക്കല്ലുകള്‍ ഉരുണ്ട് വന്നിട്ടുണ്ടാവാം.... ശക്തിയേറിയ കാറ്റില്‍ ഗുല്‍ഷന്‍റെ മതില്‍കെട്ടുകള്‍ തകര്‍ന്നിട്ടുണ്ടാകാം....അപ്പോഴും ഒരു ഗ്റാമത്തിന്‍റെ തേങ്ങല്‍ഞാന്‍
കേള്‍ക്കുന്നുണ്ടായിരുന്നു . ചെമ്പ്രക്കുന്നില്‍ അന്ത്യവിശ്റമംകൊള്ളുന്നആത്മാക്കളുടെ
" .......നീ നിരാശപ്പെടല്ലേ ... നീ നിരാശപ്പെടല്ലേ ... " എന്ന രോദനവും.
പക്ഷേ കൊടുംകാറ്റില്‍ ഉതിര്‍ന്ന്‍ വീണ ദീര്‍ഘ നിശ്വാസങ്ങളും കണ്ണുനീര്‍തുള്ളികളും മറുപടിയില്ലാത്ത വെറും പ്രഹേളികയായി മാറി ......

"നമ്മലടുത്തെത്തിക്കഴിഞ്ഞു .."

ഡ്രൈവറുടെ കനമുള്ള ശബ്ദം ചിന്തകളെ ഉണര്‍ത്തി...ചുറ്റും നോക്കിയപ്പോള്‍ അമ്മകിടന്നു മയങ്ങുന്നുണ്ട്‌ ഭാര്യയും രണ്ടുകുട്ടികളും പുറം കാഴ്ച്ചയില്‍ കണ്ണ്നട്ടിരിക്കുന്നു ...ദൂരം ഒരുപാട് പിന്നിട്ടിരിക്കുന്നു ..എല്ലാവര്‍ക്കും ക്ഷീണമുണ്ട് ... അടുത്തെത്താറാകുമ്പോള്‍ അയാള്‍ വിളിക്കാന്‍ പറഞ്ഞുവല്ലോ
സെല്‍ഫോണില്‍ വിരലമര്‍ത്തി ഡ്രൈവറെ ഏല്‍പ്പിച്ചു.....

പ്രാന്തപ്രദേശത്ത് നിന്ന് നഗരത്തിലേക്ക്പറിച്ചുനട്ട ആ മനസ്സില്‍ ഗ്രാമത്തിന്‍റെ
പച്ചപ്പും പുഞ്ചവഴലും, മയ്യഴിക്കാറ്റും ഇപ്പോഴുമുണ്ടാകുമോ .....

വോടാ ഷോറൂമും തൊട്ടടുത്ത ട്രാന്സ്ഫോര്‍മറും കഴിഞ്ഞു ഡ്രൈവര്‍ ഒരു
ഇടവഴിയിലേക്ക് കാര്‍തിരിച്ചു .അല്‍പ്പം ഓടി പിന്നെ ഒരു വലിയ ഗേറ്റിനു മുമ്പില്‍ വണ്ടി ചെന്നു നിന്നു.

പറഞ്ഞതുപോലെ തന്നെ അയാള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു ഒരു ഇളം
കളര്‍ സഫാരി സ്യൂട്ടാണയാല്‍ ധരിച്ചിരുന്നത് .ശരീരംമുമ്പെത്തേതിലും വണ്ണംവച്ചിട്ട്ണ്ട് .ഒരു നഗരത്തിന്‍റെ ചിരി വെളുക്കെചിരിച്ചുകൊണ്ട് അയാള്‍ ഗേറ്റ്‌ വലിച്ചുതുറന്നു

"വരൂ " .........ശരീരവും തലയും വളയാതെ ഇരുകയ്യും രണ്ടുവശങ്ങളിലെക്ക്
മലര്‍ത്തിക്കൊണ്ട് അയാള്‍ പറഞ്ഞു.

"കല്യാണത്തിന് ഇനി രണ്ടു ദിവസമല്ലേ ഉള്ളൂ ....ഒരുക്കങ്ങള്‍..."

കൂടെ നടക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു .

അയാള് അതിനു മറുപടിയൊന്നും പറയാതെ നിര്‍വ്വികാരനായി വീടിനകത്തേക്ക്
പോയി കൂടെ ഞങ്ങളും ... സ്വീകരണമുറിയില്‍ അപരിചിതരായ ചിലര്‍ സ്യൂട്ടുകളണിഞ്ഞു ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ സംസാരം നിര്‍ത്തി എന്ന് തോന്നി. ഞങ്ങള്‍ ഒരു വശത്തേക്ക് മാറി ഇരുന്നു.

" ഇതാ ഇത് കുടിക്കൂ ..." ഒരു വലിയ ട്രേയില്‍ ജ്യൂസ്ഗ്ലാസുകള്മായി
അയാള്‍തന്നെയാണ് വന്നത.

"ഭാര്യയും കുട്ടികളും ഷോപ്പിങ്ങിനു പോയിരിക്കുന്നു ..."

അയാള്‍ ഞങ്ങള്‍ക്കൊപ്പമിരുന്നുകൊണ്ട് പറഞ്ഞു.

ഞാനയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കണ്ണുകളില്‍ ആ പഴയ ഗ്രാമത്തിന്‍റെ നിഷ്കളങ്കത പൊയ് മറഞ്ഞിരിക്കുന്നു
പകരം നഗര ജീവിതത്തിന്‍റെ ഗൌരവം മുഴുവന്‍ ആവാഹിച്ചിരിക്കുന്നു കൃത്യമായി ഒതുക്കിവച്ച തലമുടിയും കട്ടി മീശയുംമുഖത്തിന്‍റെ ഗൌരവം
ഒന്നുകൂടി കൂട്ടുന്നു. .....ഭിത്തിയിലെ ഹാങ്കെറില്‍ നിറയെപൈജാമയും
കുര്‍ത്തയും ഫാനിന്റെ കാറ്റില്‍ ഇളകി ആടുന്നത് കണ്ടു.

" നാട്ടില്‍ നിന്നു പോരുമ്പോള്‍ ഒന്നിനും ഒരു രൂപമില്ലയിരുന്നു
ഇവിടെ എത്തിയ ശേഷമാണ് എല്ലാം ശരിയാക്കി എടുത്തത്...."

അയാള്‍ നഗരഭാഷയില്‍ വാചാലനായി എന്ന് തോന്നി.....
ഈ കോമ്പൌണ്ടിനകത്ത് ഒറ്റപ്ലാവും മാവുമില്ല...മാത്രമല്ല ഒറ്റത്തെങ്ങുപോലുമില്ലെന്ന് അയാള്‍പറഞ്ഞു. "അബദ്ധവശാല്‍ തേങ്ങയൊന്നും
തലയില്‍ വീഴണ്ടല്ലോ...!" "ഞങ്ങള്‍ക്ക് കിണറില്ല....വെള്ളത്തിനു പൈപ്പ് ലൈനുണ്ട് വീടിനു ചുറ്റുമുള്ള ആ വന്‍മതില്‍ കാണുന്നില്ലേ
എല്ലാം കൊണ്ടും സുരക്ഷിതമാണ് "......" നിങ്ങള്‍ക്ക് കേള്‍ക്കണോ....
ഇവിടെ അടുത്തുകൂടി വശ്യമായ ഒരുകടലോഴുകുന്നുണ്ട്!...
കടലില്‍ നിന്നെത്തുന്ന കടല്‍ കാക്കകളുടെ സംഗീതം ഞങ്ങളുടെ പകലുകളെ
ധന്യമാക്കുന്നു ....!

അയാള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു
"നിങ്ങള്‍ കരുതുംപോലെ ഇവിടെ സ്ഥലത്തിനു അത്രവലിയ പൊന്നും
വിലയൊന്നുമില്ല ...രണ്ടുമൂന്നു ഫാമിലി ചേര്‍ന്നാല്‍ പത്തിരുപത് സെന്‍ന്ടൊക്കെ എളുപ്പം വാങ്ങാന്‍ കഴിയും..!."

അവസാനം പറഞ്ഞതൊഴിച്ചാല്‍ മറ്റൊന്നും എന്നില്‍ പ്രത്യേക അനുരണനങ്ങള്‍
സൃഷ്ടിച്ചില്ല .കാരണം വാചാലതയില്‍ അയാള്‍ അതേ ഇന്നലകളുടെ ആയിരം
ഭാഗമായിരുന്നുവല്ലോ ....

"ഓ ഗുല്‍ഷന്‍ താങ്കള്‍ക്ക്എവിടെയും കാലത്തിനൊപ്പം സമര്‍ത്ഥമായി
ജീവിക്കാന്‍ കഴിയും."..... ഗള്‍ഫിലെ തീ പാറുന്ന ഉച്ചകളില്‍ പ്രവാസവും
നാടും വിപരീതാനുപാതം മാത്രം സമ്മാനിക്കുമ്പോള്‍ അന്ന് താങ്കളുടെ
മനസ്സിലേക്ക് ഓടി എത്താറുള്ള മൂവാണ്ടന്‍ മാവും രാത്രിമഴയില്‍ നനഞ്ഞു
കുതിര്‍ന്ന്‌ഇളംകാറ്റില്‍ പീലിവിടര്‍ത്തി ആടിയ തെങ്ങോലകളും ഇന്നെവിടെ?
മഴതോര്‍ന്ന്‍ തീര്‍ന്നു ഗൃഹാതുരത്തിന്‍റെ നനുത്തഓര്‍മകളുമായി പറന്നെത്താറുള്ള
മിന്നാമിനുങ്ങുകളും എവിടെ? മുങ്ങാംകുഴി ഇടുന്ന കെട്ടുംകരയും
വൈകുന്നേരങ്ങളില്‍ കുര്ന്താറ്റിലെ മീന്‍പിടുത്തവുംവരെ ഇവിടെ മരുഭൂമിയിലെ മരീചിക മാത്രമാവുന്നുവോ .......

1 അഭിപ്രായം:

  1. ഗുല്‍ഷന്‍ എന്ന പേര് വളരെ വ്യത്യസ്തം, നല്ല ചെറുകഥ . നാടും നഗരവും ഇപ്പോള്‍് ഒരുപോലെ മലിനപ്പെട്ടു കഴിഞ്ഞു എന്നെനിക്കു തോനുന്നു. ഒരു നാട്ടിന്‍പുറത്ത് ജനിച്ചു ജീവിച്ചിട്ടും എനിക്കൊരിക്കലും നാട്ടിന്‍പുറത്തെ നിഷ്കളങ്കത കഥയിലോ കവിതയിലോ അല്ലാതെ ആസ്വദി്ക്കാന് കഴിഞ്ഞിട്ടില്ല .... നിങ്ങളുടെ മിക്ക എഴുത്തുകളിലും ഞാന്‍ ആഗ്രഹിക്കാറുള്ള നന്മ്മയുള്ള കുറച്ചു മനുഷ്യരെ കണ്ടിട്ടുണ്ട് . ഗുല്‍ഷന്‍ നേടിയതിനെക്കാള്‍ കുറെ നഷ്ട്ടപെടുത്തി എന്ന വ്യാഖ്യനത്തൊട് ഞാനും ചേരുന്നു.

    മറുപടിഇല്ലാതാക്കൂ