2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

ഉള്‍വിളികള്‍

ഗ്രാമക്കുറിപ്പുകള്‍കെട്ടുംകര കടന്നാണ് കുട്ടികളുടെ കൂട്ടം വരുന്നത് അവരുടെ കൂക്കുവിളികള്‍ ഒരു പ്രതിധ്വനിയായി ഇങ്ങേക്കരയ്ക്ക് വന്നെത്തുന്നുണ്ട് സ്കൂളിലേക്ക് പുറപ്പെട്ടതാണ്. തൊട്ടടുത്ത ഗ്രാമമായ പാലത്തായി നിന്ന് കടവത്തൂരിലെത്താനുള്ള
കുറുക്കുവഴിയാണ് കെട്ടുംകര
കുട്ടികള്‍ അടുത്തെത്തിയപ്പോള്‍ വെറുതെ ചോദിച്ചു "അറിയാമോ." ചിലര്‍ മൌനികളായി മറ്റു ചിലര്‍ പുഞ്ചിരി സമ്മാനിച്ചുകൊണ്ട്നടന്നുനീങ്ങി "ഓര്‍ക്കൂട്ടിലുണ്ടോ" കൂട്ടത്തിലാരോ തിരിഞ്ഞു നിന്ന് ചോദിച്ചു. ഇപ്പൊഴെത്തെ കുട്ടികളുടെ ഒരുകാര്യം താനും ഈഗ്രാമക്കാരന്‍ തന്നെയല്ലേ കുറച്ചു കാലത്തെ പ്രവാസജീവിതം വരുത്തിയവിന ആര്‍ക്കുമാരെയും തിരിച്ചറിയാതായിരിക്കുന്നു...
യുപി സ്കൂളിലെ തമ്പുരാന്‍മാഷ്‌ നടന്നുവന്ന വഴികളാണിത് കക്ഷത്തില്‍ ഒരു കറുത്ത ബാഗുമായി വെളുത്തു പ്രസന്നമുഖവുമായി മാഷ്‌ ദീര്‍ഘകാലം ഈ വഴികളില്‍ മുറുക്കിത്തുപ്പി സ്കൂളിലേക്ക് നടന്നു... ചിലപ്പോള്‍ കൂടെ നാണുമാഷുമുണ്ടാവും മൊയ്തു മാഷും.. പിന്നെയുമാരൊക്കെയോ..
പിന്നെ സന്ധ്യയായാല് പണികഴിഞ്ഞു ആളുകളുടെ വരവായി ഓരോ സ്റ്റീല്‍എവെറഡി ടോര്‍ച്ചുമായി... മൂക്കറ്റം അന്തിക്കള്ള്മോന്തി ചിലര്‍ രാഘവേട്ടന്‍റെ മുറുക്കാന്‍കടയില്‍ നിന്ന് ചൂട്ടും വാങ്ങി പാടത്തുപാടുന്ന ചക്ക്രപ്പാട്ടും പാടി ചൂട്ടുആഞ്ഞു വീശിനടക്കും ഒക്കെ ഒരു കാലം...

എന്‍റെ ഗ്രാമത്തെ ഇങ്ങിനെയൊക്കെ വായിക്കാനാണ് ഇപ്പോഴും എനിക്കിഷ്ടം.. ഒരു ദിവസം ഷാപ്പിലേക്ക് പോയ ശ്യാമന്തനെ കാത്ത്‌ അവന്‍റെ കേട്ട്യോള് കാത്തിരുന്നതും ഇതേ വഴിയില്‍.. തന്നെപ്പോലെ പ്രവാസിയായിരുന്നല്ലോ അയാളും. നാട്ടില്‍ അവധിക്കെത്തുന്ന ശുഷ്ക്കവും ഹ്രസ്വവുമായ ദിവസങ്ങളിലും അവളോടിയെത്തും "ശ്യാമന്തേട്ടന്റെ അടുത്താണോ ജോലി ഏട്ടനെ കാണാറുണ്ടോ...കത്തുണ്ടോ?"
നാലഞ്ചുവര്‍ഷം ഗള്‍ഫില്‍ കഴിച്ചുകൂട്ടിയ കടങ്ങളും സൂക്കേടുകളുമായി പെട്ടെന്നൊരുദിവസം അയാളെത്തി. പിന്നെ തിരിച്ചു പോയില്ല...പണമില്ലെങ്കിലും ഏട്ടനടുത്തുണ്ടല്ലോ എന്നവള്‍ ആശ്വസിച്ചുകാണും പക്ഷെ ഒരിക്കല്‍ പ്രവാസി ആയിപ്പോയാല്‍ നാടന്‍ പണികള്‍കൊണ്ടൊക്കെ എന്താകാന്‍... ഷാപ്പിലെ കുടിയാണെങ്കില്‍ പാരമ്യത്തില്‍....റിയാലിന്റെലോകം തീര്‍ത്ത ക്ഷതം മനസ്സില്‍ നിരാശമാത്രയായിരുന്നു ഫലം... നാട്ടില്‍ പലരോടും കടംവാങ്ങിക്കുടിച്ചു...അപ്പോഴൊക്കെ മനസ്സാക്ഷിയുടെ കുത്തുകളേറ്റു അയാള്‍ പിടഞ്ഞു... ഒരിക്കല്‍ ഷാപ്പിലേക്ക് പോയ ശ്യാമന്തന്‍ പിന്നെ ജീവിതത്തിലേക്ക് തിരിച്ചു വന്നില്ല!...കെട്ടുംകരയിലെ തോട്ടില്‍ ഒഴുകിനടന്ന മൃതദേഹം പിറ്റേന്ന്കാലത്ത് ആരാണ് ആദ്യംകണ്ടത് .....
കെട്ടുംകര കടന്നു പിന്നെയുമാരൊക്കെയോ വരുന്നുണ്ടായിരുന്നു... ശാന്തടീച്ചര്‍, ലക്ഷ്മിടീച്ചര്‍, കൂട്ടത്തില്‍ ഹെഡ്മാസ്റ്ററായ തമ്പുരാന്‍മാഷുമുണ്ടല്ലോ...
എല്ലാവരും സ്കൂളിലെക്കാണ് വളരെ ദൂരെ കണ്ട അവര്‍ ഇത്ര പെട്ടെന്ന് ഇങ്ങെത്തിയോ ഇനി ഒഴിഞ്ഞു മാറാനുള്ള സമയവുമില്ല
മാത്രമല്ല ഹെഡ്‌ മാസ്റ്റര്‍തന്നെ കണ്ടുംകഴിഞ്ഞു.
"എന്താ വഴിയില്‍ നില്‍ക്കുന്നെ"..
മാഷ് ചോദിക്കുകേം ചെയ്തു.
"അത്...അത്..... ഒരു നേര്‍ച്ചയുണ്ടായിരുന്നു മാഷേ"...
"ഈയിടെ സ്കൂളിലോന്നും കാണാറില്ലല്ലോ"..
ചുണ്ടുകള്‍ കൂര്‍പ്പിച്ചു രണ്ടുവിരലുകള്‍ ചേര്‍ത്ത് വെച്ച് മുറുക്കിത്തുപ്പുന്നതിനിടയില്‍ മാഷ്‌ വീണ്ടും ചോദിച്ചു...
എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.. ശരിയാണ് എത്രകാലത്തെ ക്ലാസ്സുകളാമുടങ്ങിയത് എത്ര ഉപ്പുമാവാ നഷ്ടമായത്... മാത്രമോ സ്കൂളിന് തൊട്ടടുത്ത കുഞ്ഞിക്കണ്ണേട്ടന്‍റെ കടയിലെ ആ ഇഷ്ടുംപുട്ടും അതും വെറും ഇരുപത്തഞ്ചു പൈസക്ക്..... ഒന്നും പറയാന്‍ കഴിഞ്ഞില്ല ഒരുകുറ്റവാളിയെ പോലെ അവരുടെ കൂടെ നടന്നു..

അന്ന് സ്കൂള് മടിയുന്ന കുട്ടികളെ കൊണ്ട് പോകാന്‍ വീടുകളിലേക്ക് മാഷ്‌ ഏഴാംതരത്തിലെ തടിയന്മാരായ കുട്ടികളെ അയക്കുമായിരുന്നു. അവര്‍ ഉണങ്ങിയ കവുങ്ങിന്‍ പാളയില്‍ വടികൊണ്ട് ഉച്ചത്തില്‍ കൊട്ടി മടിയന്മാരായ കുട്ടികളെ സ്കൂളിലേക്ക് ആനയിക്കുന്നു!. പിറകില്‍ ആരവങ്ങളുമായി സ്കൂളിന്‍റെ പടിപോലും കാണാത്ത നാട്ടിന്‍പുറത്തെ വികൃതിക്കുട്ടികളുമുണ്ടാവും നടന്നുനീങ്ങവേ ഘോഷയാത്രയില്‍ കൂടുതല്‍ കുട്ടികള്‍ അണിചേരുന്നു...ഇങ്ങിനെ ചെയ്‌താല്‍ പിന്നെ ആരും സ്കൂള് മടിയില്ലത്രേ...ഈ മാഷിന്‍റെ ഒരു കാര്യം...
"ഇതൊക്കെ വേണമായിരുന്നോ മാഷേ.".
ഞാനാണെങ്കില്‍ ഈ കൈലിയും കുപ്പായോമിട്ട്... അന്നെത്തെ കാലമാണോഇത്... മാഷ്ചവിട്ടി നടന്ന ചെമ്മണ്ണ് നിറഞ്ഞ ഈ വഴികളിലേക്ക്നോക്കൂ എത്ര മിനുസത്തിലാ ടാര്‍ചെയ്തിരിക്കുന്നത്...ജീവിതത്തിന്‍റെ പരുപരുത്ത എത്രയെത്ര വഴികളാ ഇങ്ങിനെ എളുപ്പംവന്നത്...
"അന്ന് ആളുകളുടെ മനസ്സിത്ര പരുഷമായിരുന്നൂടോ "....

മാഷിന്‍റെ വെളുത്ത മുഖം ദേഷ്യംകൊണ്ട് ചുവന്നുതുടങ്ങിയിരിക്കുന്നു.. മുറുക്കിത്തുപ്പുന്നത് വേഗത്തിലായിരിക്കുന്നു... അതങ്ങിനെയാ ദേഷ്യംവന്നാല്‍.. താനൊന്നുമറിഞ്ഞില്ലല്ലോ ദീര്‍ഘകാലത്തെ പ്രവാസജീവിതം മരീചികബാധിച്ചവനാക്കിയിരിക്കുന്നു.നാടിന്‍റെ ഗതിവിഗതികള്‍ അറിയാതെ പോയി...

അബ്ദുവിന്‍റെ വിളിപാടുകള്‍ എത്ര ശരി അതുകൊണ്ട് അയാള്‍ നേരത്തെ നാടണഞ്ഞു!. ഗള്‍ഫില്‍ ഒരു നല്ല കമ്പനിയില്‍ ഓഫീസ്‌ ജോലിയായിരുന്നല്ലോ അയാള്‍ക്ക്‌ അടിസ്ഥാനവിദ്യാഭ്യാസവും മതപരമായി കിട്ടിയ അറബിഭാഷയും യോഗ്യത. എന്നിട്ടും അറബിക്ക് ആളെ ഇഷ്ടപ്പെട്ടു യാതൊരു തത്വദീക്ഷയുമില്ലാതെ മാസാമാസം അയാളുടെ ശമ്പളം കൂടിക്കൊണ്ടേയിരുന്നു! പോരെപൂരം ഇതെങ്ങിനെ പൊരുത്തപ്പെടാനാവും! അതും ഒരു യാഥാസ്ഥികാനായ മനുഷ്യന്. ചെയ്യുന്ന ജോലിക്ക് തുല്ല്യമായിരിക്കണം വേതനവും....മനസ്സാക്ഷിയുടെ കുത്തുകളേറ്റു അന്ന് അയാളും പിടഞ്ഞുവോ!.... ഇന്ന് ഗ്രാമത്തിന്റെ ഇടവഴികളിലെവിടെഴോക്കെയോ ആ മെലിഞ്ഞ മുഖം കാണാറുണ്ട്‌ അബ്ദുവിന്‍റെ ആത്മാവിനു ശാന്തി കിട്ടിയോ ആവോ..

വയല്‍വരമ്പില്‍ തവളകളും ചീവീടുകളും വാദ്യഘോഷം തുടങ്ങിയിരിക്കുന്നു എങ്ങും ഇരുട്ട് പരന്നിരിക്കുന്നു...വരമ്പിലൂടെ ആരൊക്കെയോ ചൂട്ടുമായിനടന്ന് വരുന്നുണ്ട് അടുത്തെത്തിയപ്പോള്‍ ഒരാളെ മനസ്സിലായി.പാലത്തായി രാമു.. ഷാപ്പില്‍ നിന്നുള്ളവരവാ ഇനി ഒന്ന് രണ്ടു നാഴിക നടന്ന് പ്രസംഗിക്കാനുള്ള 'കള്ളായി' എന്ന് തോന്നുന്നു.... ചൂട്ടുവെളിച്ചം മുഖത്തോടടുപ്പിച്ചു സൂക്ഷിച്ചു നോക്കുന്നത്കണ്ടു..

അയാള്‍ക്ക്‌ തന്നെ മനസ്സിലായില്ലെന്നു തോന്നി അറിഞ്ഞെങ്കില്‍ ചോദിക്കുമായിരുന്നു "ഒരഞ്ചുറുപ്പിക നോക്കെട്ടെ.." രാമു നടന്നകന്നു ഒപ്പം പ്രസംഗവും തുടങ്ങി...വയല്‍കരയില്‍ എവിടുന്നോ ഉച്ചത്തില്‍ റേഡിയോ പാടുന്നത് കേട്ടു...
ആ നായ ഉള്ള വീട്ടില്‍ നിന്നായിരിക്കും..അതിന്‍റെ നിര്‍ത്താതെയുള്ള കുര ഇന്ന് കേള്‍ക്കുന്നില്ലല്ലോ... വരമ്പില്‍ ടോര്‍ച്ചിന്റെ വെളിച്ചം പായിച്ചുകൊണ്ട് നടന്നു.. ഈ വരമ്പ് വഴി അവസാനിക്കുന്നത് കള്ളുഷാപ്പിന്റെ മുന്നിലാണ് അത്കഴിഞ്ഞു പഞ്ചായത്ത്റോഡ്..പഞ്ചായത്ത് റോഡില്‍ ലാസ്റ്റ്ബസ്സ്‌ കാര്‍ത്തിക കിതച്ചുകൊണ്ട് വന്നു നില്‍ക്കുന്നുണ്ട്..ആരൊക്കെയോ ഇറങ്ങുന്നത് ബസ്സില്‍നിന്ന് ഒഴുകിഎത്തുന്ന നീല വെളിച്ചത്തില്‍ അവ്യക്തമായി കണ്ടു.ഷാപ്പിലെ വെളിച്ചമണഞ്ഞിരിക്കുന്നു.
പഞ്ചായത്ത്റോഡിലൂടെ ആരൊക്കെയോ നടന്നുവരുന്നുന്നുണ്ടായിരുന്നു..രാത്രിയിലെ ഇളംകാറ്റേറ്റ്‌ നടക്കാനൊരു സുഖമുണ്ട്... എതിരെ നടന്ന ഒരാള്‍ ചാണ്ടിയെട്ടനാണോ...കടയടച്ചു വരുന്നതാവും...
ട്രാന്‍സ്ഫോര്‍മര്‍ പിന്നിട്ടപ്പോള്‍ ഇരഞ്ഞിക്കല്‍ ഇടവഴിയിയായി ആരോ നിര്‍ത്താതെയുള്ള ടോര്‍ച്ചിന്‍റെ വെളിച്ചവുമായി വരുന്നത് കണ്ടു....ചിലപ്പോള്‍ ഉസ്താദായിരിക്കാം തൂവെള്ള വസ്ത്രങ്ങളണിഞ്ഞു വഴിനീളെ വെളിച്ചംപരത്തിയാ ഉസ്താദ് വരിക ഒരു തലമുറയുടെ മുഴുവന്‍ ജീവിതവഴികളിലും വെളിച്ചംപരത്തിയ മഹാനുഭാവന്‍...ഇശാ നമസ്കാരം കഴിഞ്ഞുള്ള വരവായിരിക്കും... എത്ര കാലമായി ഈ നടത്തം തുടങ്ങിയിട്ട്...

ഒരു നിയോഗംപോലെ.. വയസ്സിപ്പം എത്രയായിക്കാണുംന്ന് വെച്ചാ..എണ്‍പത്?....എണ്‍പത്തഞ്ച്.... !..... എന്‍റെ അറിവില്‍ അതിലും കൂടുതലാ!... നാട്ടുകാര് പറയും ഒക്കെ ആ ആത്മീയചൈതന്യംകൊണ്ടാ ... ആദ്യമായി ഗള്‍ഫിലേക്ക് പുറപ്പെടാന്‍ നേരം പ്രാര്‍ത്ഥനകളുമായി ഉസ്താദെത്തിയത് ഇന്നുമോര്‍ക്കുന്നു ...

"നന്നായി വാ മോനെ" എല്ലാവരും ഉണ്ടായിരുന്നു അന്ന്‍... സുഹുര്‍ത്തുക്കളും രക്ഷിതാക്കളും.
എന്നിട്ട് നന്നായോ?.. അറിയില്ല നന്നായിട്ടുണ്ടാവും..
"ആരാ"...
മറ്റൊരു ടോര്‍ച്ചിന്‍റെ വെളിച്ചം അടുത്ത് കണ്ടപ്പോള്‍ കയ്യിലെ വടി നിലത്തൂന്നി ഉസ്താദ് നിന്നു.. കൈ നെറ്റിയില്‍ ചേര്‍ത്ത് വെച്ച് സൂക്ഷിച്ച് നോക്കുന്നുണ്ട് ...

"ഞാനാ... വയലില്‍... താഴെ കുനിയില്‍"..... മനസ്സില്‍ കുറ്റബോധമുണ്ട്. വീട്ടില്‍ ചെന്നൊന്നു കാണണമായിരുന്നു ഇപ്പോള്‍ ഈ ഇടവഴിയില്‍....രാത്രീല്

"ങാ... മോനോ...നാട്ടിലുണ്ടായിരുന്നോ....ഏട്യാ മോനെ..ഈ രാത്രീല്"...
"അത്...അത്.... എനിക്കൊരു നേര്‍ച്ചയുണ്ടായിരുന്നു"...
കടവത്തൂരങ്ങാടി വിജനമാവാന്‍ തുടങ്ങിയിരിക്കുന്നു..ഒട്ടുമിക്ക കടകളും പൂട്ടിക്കഴിഞ്ഞു...വിജയാ ബേക്കറിയുടെ അപ്പക്കൂട്ടില്‍ തീ എരിയുന്നുണ്ട്...അവിടുന്ന് മനസ്സിനിമ്പമുള്ള ഒരു മണം പൊങ്ങിവരുന്നുണ്ട്... നമ്പ്യാരുടെ ചായക്കട നേരത്തെ പൂട്ടിയെന്നു തോന്നുന്നു ...
അങ്ങാടിയില്‍ കൂടി നടക്കുമ്പോള്‍ കാലുകള്‍ പിറകോട്ടു വലിയുന്നതും സ്ലോമോഷനിലാവുന്നതും
അറിഞ്ഞു...ഗള്‍ഫിന്‍റെ തീണ്ടാലേല്‍ക്കാത്ത... ഫ്ലൂറോസെന്റ് ബള്‍ബുകളുടെ കണ്ണഞ്ചിപ്പിക്കുന്നവെളിച്ചമേല്‍ക്കാത്ത ആ നിഷ്കളങ്കബാല്യത്തില്‍ ഈവഴിയില്‍ ഒരങ്ങാടിയാടിനെപ്പോലെ നഗ്നപാദനായി അലഞ്ഞതും... കൌതുകം വിട്ടുമാറാത്ത കണ്ണുകളുമായി സൈക്കിള്‍യജ്ഞവും ഞാണിന്‍മേല്‍ക്കളിയും കുരങ്ങുകളിവരെയും നോക്കിനിന്നതും ഓവ്പാലത്തിലിരുന്ന് കൂട്ടുകാരോടൊത്ത് കഥകള്‍ പറഞ്ഞതും...

"തീപ്പെട്ടിയുണ്ടോ" ?....
വഴിപോക്കരിലാരോ അടുത്തേക്ക് വരുന്നുണ്ട്..
"ആരാ...മുമ്പിവിടെ കണ്ടിട്ടില്ലല്ലോ തീപ്പെട്ടിയുണ്ടോ"?
"ഇല്ല ഗള്‍ഫിലായിരുന്നു...ലീവ് കുറവാ"...
തന്നെപ്പോലെ ഇന്നീ മണ്ണില്‍ അന്യവല്‍ക്കരിക്കപ്പെട്ട പ്രവാസീകഥാപാത്രങ്ങളെത്ര.... അസ്തിത്വദുഃഖവും പേറി ജീവിക്കുന്നവരെത്ര.. .
'ഹസീനാബീവി എന്‍റെഭാര്യ' ഈ വിലാസത്തിലറിയാപ്പെടാനാണ് ഗള്‍ഫില്‍ അയാള്‍ ആഗ്രഹിച്ചത്‌...ആര് ചോദിച്ചാലും നാട്ടിലെ സുന്ദരിയായ ഭാര്യയുടെ പേര് അഭിമാനത്തോടെ പറയും..."ഹസീനാബീവിയുടെ ഭര്‍ത്താവാണ് ഞാന്‍"...അയാളുടെ ഗള്‍ഫുജീവിതത്തിന്‍റെ വസന്തവും ശിശിരവും ഹസീനാബീവിയുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് കഠിനാധ്വാനിയായ ഒരു സാധാ പ്രവാസിയായി.. അവിടെ കഴിഞ്ഞുകൂടി. കാലത്തിനൊടുവില്‍ വീടിന്‍റെ അവകാശവും ഭാര്യാപദവിയും അന്യാധീനപ്പെട്ടുപോയത് വേദനയോടെ അയാളറിഞ്ഞു
മറ്റ്ജോലികള്‍ക്ക് വിടാതെ കാലാകാലങ്ങളായി ഗള്‍ഫിലയക്കേണ്ട നേര്‍ച്ചക്കൊറ്റന്മാരായ ആണ്‍ കുട്ടികളെ ഇവിടുത്തുകാര്‍ തീറ്റിപ്പോറ്റിവന്നു.... എന്നിട്ടവര്‍ ഇങ്ങിനെ മൊഴിഞ്ഞു കൊണ്ടിരുന്നു...
"ഞമ്മളാടത്ത പുരുഷു ദുബേല് അതിന്റാള് അന്ത്രുആപ്പിള"!
ഒരു കാലത്ത് ദാരിദ്ര്യത്തിന്‍റെ കയ്പുനീര്‍കുടിച്ചവര്‍ വിദ്യാഭ്യാസയോഗ്യത ഒന്നുമില്ലാതെ തന്നെ സ്വപ്നഭൂമിയില്‍ ജിവിതവിജയത്തിന്‍റെ സാഫല്യവുമായി മുത്തുകളും രത്നങ്ങളും വിളയിച്ചതും, മറ്റുചിലര്‍ ഗള്‍ഫില്‍ ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടും നാട്ടില്‍ വിലാസമില്ലാത്തതും ജനങ്ങള് പറയും: "പൈസ എത്ര ഉണ്ടാക്കീട്ടെന്താ സ്വന്തം ബന്ധുക്കള്‍പോലും അയാളെ തിരിച്ചറിയുന്നില്ലല്ലോ". അസ്തിത്വ ദുഖത്തിന്റെ മറ്റൊരു മുഖം...

ഓരോന്നോര്‍ത്ത്‌ നടന്നു ചെമ്പ്രക്കുന്നെത്തിയതറിഞ്ഞില്ല ചെറിയ ഒരു കയറ്റംകയറിയാല്‍ കുന്നിന്‍റെ മുകളിലെത്താം കുന്നിനുമപ്പുറം കടവത്തൂര്‍ ജുമാമസ്ജിദ്‌ കുന്നിന്‍ചരിവുകള്‍ മുഴുവനും പള്ളിക്കാടുകളാണ്.ഇവിടെയാണ് ഞങ്ങളുടെ പിതൃക്കളുടെ ഖബറുകള്‍... ഒക്കെ കാട്പിടിച്ചു കിടക്കുന്നു ...ഏതൊക്കെയോ സ്ഥലത്ത് നിന്നും പണ്ടീ കുന്നും നടവഴികളും താണ്ടി സ്കൂളിലേക്ക് കുട്ടികളെത്തുമായിരുന്നു.... കൂടെ പഠിച്ചവര്‍... സ്കൂളിന്‍റെ ഇടവേളകളില്‍ കള്ളനും പോലീസുംകളിച്ചു കിതപ്പോടെ വന്നണയുന്ന ഈ കുന്നിന്‍പുറം ... വിജനവും കാടുംപടലും നിറഞ്ഞതുമായ ഈ സ്ഥലം ഞങ്ങള്‍ക്കെന്നും നിരോധിതമേഖലയായിരുന്നല്ലോ. അതിര്‍ത്തി ലംഘിച്ചതിനു അബൂബക്കര്‍മാഷിന്‍റെ ചെയ്ന്‍വാച്ച് കിലുക്കിക്കൊണ്ട് കിട്ടിയ കിഴുക്കുകളെത്ര...
കുന്നില്‍ മുകളിലെത്തിയപ്പോള്‍ ഒരു ചെറിയ കാറ്റ് വീശിയടിച്ചു നിലത്ത് വീണ കരിയിലകള്‍ കാറ്റില്‍ ഇളകിപ്പറന്നു... ഏതോഭാഗത്ത്‌ കുറുക്കന്‍മാര്‍ ഓലിയിടുന്നത് കേള്‍ക്കാമായിരുന്നു
"ആരാ"
പിറകില്‍ ആരോ വിളിച്ചോ തിരിഞ്ഞുനോക്കിയപ്പോള്‍ ആരെയും കണ്ടില്ല തോന്നിയതായിരിക്കും.... ടോര്‍ച്ച് തെളിച്ചു കൊണ്ട് ഖബറുകളുടെ ഭാഗത്തേക്ക് നടന്നു.. മീസാന്‍കല്ലുകള്‍ തുടങ്ങുകയായി കാട് പിടിച്ചതും ഇടയ്ക്ക് പുതുതായി കിളമണ്ണ് വീണതുമായ ഖബറുകള്‍
"എന്താ മോനെ ഈ അസമയത്ത് ഇവിടെ"..
ഒരു നേര്‍ത്ത മര്‍മ്മരംപോലെ എന്തൊക്കെയോ അസ്പഷ്ടമായ സ്വരങ്ങള്‍ കാതിനെ വലയം വെക്കുന്നുണ്ട്.....
"എത്രകാലായി നീ ഇങ്ങോട്ടൊക്കെ ഒന്ന് വന്നിട്ട്" ..
താനൊന്നുമറിഞ്ഞില്ലല്ലോ നീണ്ട ഈ പ്രവാസം.... .എല്ലാം മനസ്സില്‍ കനലായിഎരിയുന്നുണ്ട്...
ഒരുള്‍വിളി..നേര്‍ച്ചയുണ്ട് അതാ ഈ രാത്രീല് വന്നതെന്നു പറയണമെന്നുണ്ടായിരുന്നു....
തിരിഞ്ഞു നോക്കിയപ്പോള്‍ പിന്തുടര്‍ന്ന് വന്നകാലൊച്ച പെട്ടെന്ന് നിന്നത്പോലെ...
"അന്ത്യ പ്രാര്‍ത്ഥനയും കഴിഞ്ഞു പോയതല്ലേ"....
അശരീരിയായി എന്തോ ഒന്ന്...സംശയം തീരാതെ വീണ്ടും പിറകിലേക്ക് തിരിഞ്ഞു നോക്കി..
ശരിയാ.... എത്ര കാലായി ഇങ്ങോട്ടൊക്കെ ഒന്ന് വന്നിട്ട്....ആരായീ കിടക്കുന്നതെല്ലാം ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു...ചുണ്ടുകള്‍ വിതുമ്പി... ഈ ശുഷ്കമായ ഘടികാരബന്ധിതതമായ അവധിക്കാലം ഒന്നിനും തികയുന്നില്ലല്ലോ..
ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല പിതൃക്കളുടെ മോക്ഷത്തിനായി പ്രാര്‍ത്ഥനാ നിര്‍ഭരമായി നിന്നു...പിന്നെ വിളറിയ മുഖവുമായി.....ഖിന്നനായ് അസ്തിത്വം നഷ്ടമാവുന്നതിന്‍റെ തിരിച്ചറിവ് കിട്ടിയ മനസ്സുമായി ഒരപരാധിയെപ്പോലെ കുന്നിറങ്ങി..