2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ഓര്‍മ്മയിലൊരു ദുബായ് ശ്മശാനം

പ്രവാസ സ്മൃതികള്‍)


ഇത് ദുബായ് ഖിസൈസിലെ ശവദാഹം നടക്കുന്ന ഒരു ശ്മശാനം
തൊട്ടടുത്തുതന്നെ ഒരു ഖബര്‍സ്ഥാനും.....
ഇവിടെ ആത്മാക്കളുണ്ട്‌ കാലാകാലങ്ങളായി ഇവിടെ ജീവിതം
ഹോമിച്ചു മരിച്ച കുറെ മനുഷ്യരുടെ......

പിന്നെ കയ്യിലുള്ളതെല്ലാം വിറ്റു പെറുക്കി ഒരു വിസിറ്റ് വിസയില്‍
സ്വപ്നങ്ങളുടെ വിവിധങ്ങളായ കറുത്ത ബാഗും സ്വൂട്ട്കേയ്സുകളുമായി ഇവിടെ എത്തി ജോലി തേടി അലഞ്ഞ് എവിടെയുമെത്താതെ ജീവിതത്തിനും മരണത്തിനു മിടയിലുള്ള നൂല്‍പാലത്തിലൂടെ തിരിച്ചു പോയവര്‍...

അവരീ ശ്മശാനത്തിലുണ്ട്!... അല്ലെങ്കില്‍ .അവരുടെ ആത്മാവുകള്‍ ഇവിടെ സംസ്കരിക്കപ്പെടുന്നു !.....കൂടെ മോഹങ്ങളും സ്വപ്നങ്ങളും.....
ശരീരം മാത്രമായിഅവര്‍ നാട്ടിലേക്ക് തിരിച്ചു പോകുന്നു !...

നിറപ്പകിട്ടുകളുടെ നഗരമേ ......

ഒരു വിസിറ്റ് വിസക്കാരന്‍റെ സ്വപ്നത്തിലെ നിധി കുംഭവും -

അത്താണി യാക്കപ്പെട്ടവന്‍റെ ആശയുമഭിലാഷവും ആയിരുന്നുവല്ലോ നീ ..

എന്നിട്ടുമെന്നെന്നും ദു:ഖിക്കുവാന്‍ മാത്രമല്ലോ ഞങ്ങളില്‍ ചിലര്‍...

ഓര്‍മ്മകളിലെ ദുബായ് ശ്മശാനത്തിന് ഒരു ജനുവരിയുടെ തണുപ്പായിരുന്നു ... കോട മഞ്ഞു ചേക്കേറിയ നാടും നഗരവും ......തണുത്തുറഞ്ഞ പ്രഭാതങ്ങളും ഇന്നും അയാളുടെ സ്മൃതികളിലുണ്ട് .....

ഒരു വിധി വൈപരീത്യം പോലെ ശ്മശാനത്തി നടുത്തുള്ള ലേബര്‍
ക്യാമ്പുകളും അഞ്ഞൂറും അറുനൂറും ശമ്പളക്കാരായ തൊഴിലാളികളും അവരുടെ
കുത്തിനിറച്ച വാഗണ്‍ ട്രാജഡി ബസ്സുകളും ....

ദുബായ് ശ്മശാനം ഓര്‍മകളുടെ ഒരു ശവപ്പറമ്പാവുന്നതെങ്ങിനെയെന്ന്
അയാള്‍ വേദന യോടെ ഓര്‍ത്തു.

അന്നൊരു കാലം പ്രവാസ ജീവിതത്തിന്‍റെ പീഡനങ്ങളും കഷ്ടപ്പാടുകളും
ഏറ്റു വാങ്ങി തളര്‍ന്ന രാത്രി ഖിസൈസിലെ ഒരു ബാച്ചിലര്‍ റൂമില്‍ അയാള്‍ ഉറങ്ങുന്നു ..
തണുപ്പ് അരിച്ചിറങ്ങുന്ന വെന്‍ന്റിലേറ്ററും മേലാസകലം മൂടിപ്പുതച്ചു സിനിമ കാണുന്ന രണ്ടു സഹമുറിയന്മാരും സാക്ഷി......രാത്രിയുടെ ഏതോ യാമത്തില്‍ കാലിലേറ്റ തണുത്ത ഒരു സ്പര്‍ശം അയാളെ ഉണര്‍ത്തി ഞെട്ടിപ്പിടഞ്ഞു തൊട്ടടുത്ത ടൈം പീസിലേക്കു നോക്കി ഇല്ലല്ലോ ഡ്യൂട്ടിക്ക് സമയമായില്ലല്ലോ പിന്നെ.....

ഒരുസഹമുറിയന്‍ അടുത്ത്...

"നമ്മുടെ ശശിയേട്ടന്‍ മരിച്ചു".. "ഹോസ്പിറ്റലില്‍ നിന്നു ഫോണ്‍ വന്നു"...

"നമ്മുടെ കെ കെ എസ്" .... മറുപടി യായി കൂട്ടുകാരന്‍ തലയാട്ടുന്നു....

അറിയാതെ ഒരാര്‍ത്തനാദം പുറത്തേക്കുവരുന്നു.. ......

ഒടുവില്‍ മരുഭൂമിയിലെ ചവിട്ടിയരക്കപ്പെട്ട അനേകം കാല്‍പ്പാടുകളില്‍
ഒന്നായി ശശിയേട്ടനും ..

നിദ്ര വിടവാങ്ങിയ ആ തണുത്ത രാത്രി ജനുവരിയുടെ മഞ്ഞു പാളികള്‍
കീറി മുറിച്ചു അസമയം തീര്‍ത്ത വിജനമായ റോഡിലൂടെ ഹോസ്പിറ്റലിലേക്ക് ....

നേരം പുലരുന്നത് വരെ ഹോസ്പിറ്റല്‍ വരാന്തയില്‍ തണുത്തു വിറച്ച്......
എടുക്കാന്‍ മറന്ന ജാക്കറ്റിനെ ക്കുറിച്ചും രോമത്തൊപ്പിയെ ക്കുറിച്ചും അയാള്‍ ഓര്‍ത്തതേയില്ല.

പ്രവാസത്തിന്‍റെ ഈ തുരുത്തില്‍ ഖിസൈസിലെ ഒരു സൂപ്പര്‍ മാര്‍ക്കെറ്റില്‍ ഡെലിവറിക്കാരനായിരുന്നു ശശിയേട്ടന്‍. തന്‍റെ ജീവിതത്തിന്‍റെ വസന്തവും ശിശിരവും ഇവിടെ അര്‍പ്പിച്ച ഒരു പച്ചയായ മനുഷ്യന്‍..അയാളുടെസ്വകാര്യതയുടെ
മടിക്കുത്തില്‍ കവിതാശകലങ്ങളുണ്ടായിരുന്നു....
കുത്തിക്കുറിപ്പുകളുണ്ടായിരുന്നു....

കാലങ്ങളായി തുടരുന്ന മാറ്റമില്ലാത്ത ശമ്പള വ്യവസ്ഥയും ഓവര്‍ ടൈം
കിട്ടാതെ നീണ്ടു നീണ്ടു പോകുന്ന ഡ്യൂട്ടിയും അദ്ദേഹത്തിന്റെ സ്വകാര്യ ദു:ഖങ്ങ ളിലുണ്ട്...
ഖിസൈസിലെ അറബി വില്ലകളുടെ പിന്നാമ്പുറങ്ങളില്‍ കെഎഫ്സിയും പിസ്സയും
തിന്നു തടിച്ചു ചീര്‍ത്ത പൂച്ചകളെ പറ്റി ശശിയേട്ടന്‍ പറയും:

"എന്നിട്ടവ കുറുക്കനെയും പട്ടിയെയും പേടിക്കാതെ ദിവസങ്ങളുടെ
സിംഹഭാഗവും ഉറങ്ങിത്തീര്‍ക്കും... അടുത്ത ജന്മം ഒരു ദുബായ്പ്പൂച്ചയായി ജനിച്ചെങ്കില്‍....!"

ആകുലതകളുടെ നഗരത്തില്‍ രോഗ മുക്തമാല്ലാത്ത തന്‍റെ ശരീരവുമായി
ഒരു തിരിച്ചു പോക്കിന്‍റെ വക്കിലായിരുന്നു അയാള്‍.....ഒടുവില്‍ ഒരു ഹാര്‍ട്ട്
അറ്റാക്കില്‍ മുഴുമിക്കാനാവാതെ പോയ അയാളുടെ സ്വപ്നങ്ങളും മോഹങ്ങളും നീര്‍ക്കുമിളകളായി വീണുചിതറി.....

പുലര്‍ച്ചെ മോര്‍ച്ചറിയില്‍ നിന്നു ശശിയേട്ടന്‍റെ മൃതദേഹം പുറത്തേക്ക്....
പിന്നെ ബന്ധുക്കളാരൊക്കെയോ ചേര്‍ന്ന് ഖിസൈസിലെ ശവദാഹം നടക്കുന്ന ശ്മശാനത്തിലേക്ക്.....

ദുബായ് മരുഭൂമിയിലെ ചവിട്ടിയരക്കപ്പെട്ട അനേകം കാല്‍പ്പാടുകളില്‍
ഒന്നായി ശശിയേട്ടനും.....

"നിങ്ങള്‍ക്കറിയാമോ എത്രയും കുറച്ചു നേരമാണ് നമ്മളിവിടെ തങ്ങുന്നത്"..

"പിരിഞ്ഞാല്‍ പിന്നീടൊരിക്കലും തിരിച്ചു വരാത്തവരായി "..........
(അറബികവി. ഉമര്‍ഖയാം )

ഇവിടെ ആത്മാക്കളുണ്ട്‌ കാലാകാലങ്ങളായി ഇവിടെ ജീവിതമര്‍പ്പിച്ച സാധാരണക്കാര്‍.... നാട്ടില്‍ കടം പിടിച്ച് ആത്മഹത്യ ചെയ്ത രാജന്‍.., രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടയില്‍ റോഡു കവര്‍ന്നെടുത്ത ചന്ദ്രന്‍.....

സ്മശാനത്തി നടുത്തായി ഒരു വയസ്സന്‍ ഈന്തപ്പനമരമുണ്ട്... ഉണങ്ങി ഒടിഞ്ഞുതൂങ്ങിയ ഈന്തോലയില്‍ പേരറിയാത്ത രണ്ടു മരുപ്പക്ഷികള്‍ വന്നിരിക്കുന്നു....

അവയുടെ കണ്ണിലൂടെ അയാള്‍ ബലിക്കാക്കകളെ കണ്ടു...കാണെ കാണെ
അത് പെരുകി പനമരം നിറയെ കാക്കകള്‍.....നല്ല പരിചയവുമായി അവ അയാളെ നോക്കി...

അത് ശശിയേട്ടനാവുമോ....രാജന്‍...,ചന്ദ്രന്‍..ഒരു വിസിറ്റ് വിസക്കാരന്‍...

തൊട്ടടുത്ത്‌ തന്നെ ഒരു ഖബര്‍ സ്ഥാനുണ്ട് ....
ദുബായിലെ ദേരാ ശര്‍വ്വാനി മസ്ജിദിന്‍റെ നടപ്പാതകളില്‍ കാലത്ത് കൈ വീശി നടക്കുന്ന അകാലവാര്‍ദ്ധക്ക്യം വന്ന ചെറുപ്പക്കാരുണ്ടായിരുന്നു ദേരാ
ക്ലിനിക്കിലെ കാര്‍ ഡിയോളജി വിഭാഗം ഡോക്ടറുടെ കമ്പ്യൂട്ടര്‍ റജിസ്റ്ററില്‍.... ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അവര്‍ പ്രഭാതങ്ങളുടെ തണുപ്പില്‍ കൈവീശി നടക്കുന്നു ...

അവരിലധികവും ദുബായ് ഗ്രോസറി കളിലും സൂപ്പര്‍ മാര്‍ക്കെറ്റുകളിലും
ജോലി ചെയ്യുന്നവരായിരുന്നു. അവിടെങ്ങളില്‍ ടെന്‍ഷന്‍ ഒഴിഞ്ഞ നേരവും കാലവുമില്ലല്ലോ... കുടും ബങ്ങളുടെ വെറും അത്താണികളാകാന്‍ മാത്രം വിധിക്കെട്ടവര്‍. അവരുടെ മേലാളന്മാര്‍ കേരളത്തില്‍ നിന്നും, , നമ്മുടെ അതേ നാട്ടില്‍ നിന്നും എത്തിയവര്‍തന്നെ.

കമ്പനികളുടെ നിയമങ്ങള്‍ ഇവിടെ അലിഖിതവും ജലരേഖയു മാവുമ്പോള്‍
പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലിയും മരീചിക മാത്രമായ വെള്ളിയായ്ച്ച കളിലെ അവധിയും. രണ്ടും മൂന്നും വര്‍ഷാന്ത്യത്തിലെ ടിക്കെറ്റും, ലീവ് സാലറിയും പോയിട്ട് അവധി ദിനങ്ങളുടെ എണ്ണവും നിഷേധിക്കപ്പെടുന്നു

പാവം തൊഴിലാളികള്‍ കാലത്ത് മുതല്‍ ശരിക്കും വെള്ളം കുടിക്കാതെ
സമയം തെറ്റി ആഹരിച്ചും അവര്‍ അര്‍ദ്ധരാത്രിവരെ ജോലി തുടരുന്നു .. .അവസാനം കട്ടിപ്പൊറോട്ടയും ചിക്കന്‍ ഫ്രയ്യും കുത്തി നിറച്ചു തിന്നു ശരീരം മരവിക്കുന്ന എയര്‍ കണ്ടീഷ്ണറിന്‍റെ തണുപ്പില്‍ ബോധം കെട്ടത് പോലെ കിടന്നുറങ്ങുന്നു.

ഇവിടുത്തെ ഒരിരയായിരുന്നുവല്ലോ ശശിയേട്ടനും....

ദുബായിലെ അസീല്‍ ഗീയും ഫ്രോസന്‍ ഇറച്ചിയും അവരെ പുണ്ണ് വന്നത് പോലെ തടിച്ച വരാക്കി ഇന്ന് അബ്ദുല്ലയില്ല മരിച്ചുപോയി......

ഗള്‍ഫിന്‍റെ രക്തസാക്ഷി.... ഇസ്മായിലും ഖാദറും അബ്ദുല്ലയെപോലെ
ചെറുപ്പമാണ്.. ഒരറ്റാക്ക് കഴിഞ്ഞവര്‍. ഡോക്ടര്‍ പറഞ്ഞത് പ്രകാരം കാലത്ത്‌ കൈ വീശി നടക്കുന്നു....

അപ്പോഴും തൊഴിലാളികള്‍ക്ക് വിറ്റവിസയുടെ പണം കൊണ്ട് തടിച്ചു
ചീര്‍ത്ത മേലാളന്മാര്‍ സഫാരി സ്വ്യൂട്ടുകളുടെ നിറങ്ങളെ കുറിച്ചും നാട്ടില്‍ പുതുതായി ഇറക്കുന്ന ഫോര്‍ച്യുണര്‍ കാറിനെ കുറിച്ചും വാതോരാതെ സംസാരിക്കുന്നു...എല്ലാം പണമായികാണുന്ന ഇക്കൂട്ടര്‍ക്ക് ബന്ധുക്കള്‍പോലും ശത്രുക്കളാവുന്നതെങ്ങിനെ
യെന്നു അയാള്‍ ഖേദത്തോടെ ഓര്‍ത്തു.

ഇതൊരു ശ്മശാനമാണ് ഇവിടെ ദു:ഖിക്കുന്ന....പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന
വ്രണിത ഹൃദയങ്ങള്‍ക്കുള്ള ഖിസൈസ്‌ ശ്മശാനം......

ഇവിടെ ആത്മാക്കളുണ്ട്........

2 അഭിപ്രായങ്ങൾ: